സൗദി അറേബ്യ: ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ മദ്യവില്പന ഉണ്ടാകില്ലെന്ന് ZATCA സ്ഥിരീകരിച്ചു

featured GCC News

രാജ്യത്തെ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളുടെ പ്രവർത്തനനടപടിക്രമങ്ങൾ സംബന്ധിച്ച് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) ഒരു ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. രാജ്യത്തെ എയർപോർട്ടുകൾ ഉൾപ്പടെയുള്ള പ്രവേശനകവാടങ്ങളിൽ പ്രവർത്തിക്കുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ മദ്യവില്പന ഉണ്ടാകില്ലെന്ന് ZATCA സ്ഥിരീകരിച്ചിട്ടുണ്ട്.

https://twitter.com/Zatca_sa/status/1611335028104957952

2023 ജനുവരി 6-ന് വൈകീട്ടാണ് ZATCA ഈ അറിയിപ്പ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിൽ വില്പന നടത്തുന്നതിന് അനുമതി നൽകിയിട്ടുള്ള ഉല്‍പന്നങ്ങൾ മാത്രമാണ് ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ വിപണനം ചെയ്യാൻ അനുവദിക്കുന്നതെന്ന് ZATCA വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ എയർപോർട്ടുകളിൽ പ്രവർത്തിക്കുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകളിൽ മദ്യവില്പന അനുവദിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു. 2023 ജനുവരി 6-ന് ZATCA പുറത്തിറക്കിയിട്ടുള്ള ഉത്തരവിൽ സൗദി അറേബ്യയുടെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കര അതിർത്തികൾ തുടങ്ങിയ പ്രവേശനകവാടങ്ങളിൽ ആരംഭിക്കുന്ന ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾക്ക് ബാധകമാക്കിയിട്ടുള്ള കസ്റ്റംസ് നിയമങ്ങൾ, പ്രവർത്തനനിബന്ധനകൾ, ഇത്തരം മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ മുതലായവ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ള പ്രാദേശിക ഉല്‍പന്നങ്ങൾ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിലൂടെ വിപണനം ചെയ്യുന്നതിനുള്ള പദ്ധതികളും ZATCA ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഉല്‍പന്നങ്ങൾ അവയുടെ നിർമ്മാതാക്കളിൽ നിന്ന് ശേഖരിച്ച് വിപണനം ചെയ്യുന്ന പ്രാദേശിക സ്ഥാപങ്ങൾക്ക് ഡ്യൂട്ടി ഫ്രീ സേവനദാതാക്കളിലൂടെ അത്തരം ഉല്‍പന്നങ്ങൾ വില്പന നടത്തുന്നതിന് ഇത് സഹായകമാകുന്നതാണ്.

ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ദമാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിലെ ഡിപ്പാർച്ചർ ടെർമിനലുകളിൽ നിലവിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ പ്രവർത്തിക്കുന്നതായി അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ മറ്റു വിമാനത്താവളങ്ങളിലും, തുറമുഖങ്ങളിലും, കര അതിർത്തികളിലും ഇത്തരം മാർക്കറ്റുകൾ സ്ഥാപിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

Cover Image: Duty Free at King Khalid Airport, Riyadh. Source: Saudi Press Agency.