ഒമാൻ: രാജ്യത്ത് ഇതുവരെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മെയ് 24, ചൊവ്വാഴ്ച രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

“നിലവിൽ ഒമാനിൽ കുരങ്ങ് പനി സ്ഥിരീകരിച്ചതോ, രോഗബാധ സംശയിക്കുന്നതോ ആയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.”, ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. എന്നാൽ പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ, തൊലിപ്പുറത്ത് തിണർപ്പ് പോലുള്ള ലക്ഷണങ്ങളുള്ളവർ തുടങ്ങിയവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ ജനങ്ങളോട് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്കുകൾ ഉപയോഗിക്കാനും, കൈകളുടെ ശുചിത്വം തുടരാനും മന്ത്രാലയം ആഹ്വാനം ചെയ്തു.

കുരങ്ങ് പനി സംബന്ധിച്ച കിംവദന്തികൾ, തെറ്റായ വാർത്തകൾ എന്നിവ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും, കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാനും മന്ത്രാലയം പൊതുസമൂഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ ആദ്യത്തെ കുരങ്ങ് പനി (മങ്കിപോക്സ്‌) ബാധിച്ച കേസ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) 2022 മേയ് 24, ചൊവ്വാഴ്ച രാത്രി അറിയിച്ചിട്ടുണ്ട്.