രാജ്യത്ത് ഇത് വരെ എംപോക്സ് രോഗബാധയുടെ ക്ലേഡ് 1b വകഭേദവുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. 2024 ഓഗസ്റ്റ് 17-നാണ് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
ആഗോളതലത്തിൽ എംപോക്സ് രോഗബാധയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങൾ സൗദി ആരോഗ്യ അധികൃതർ നിരീക്ഷിച്ച് വരുന്നതായും, എല്ലാ തരത്തിലുള്ള ആരോഗ്യ ഭീഷണികളെയും നേരിടുന്നതിന് സൗദി അറേബ്യ പൂർണമായും തയ്യാറാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ വൈറസ് ബാധ നിരീക്ഷിക്കുന്നതിനും, വൈറസ് പടരുന്നത് തടയുന്നതിനും ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുന്നതിന് സൗദി ആരോഗ്യ മേഖല പൂർണ്ണസജ്ജമാണെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ പൗരന്മാരുടെയും, പ്രവാസികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.
എംപോക്സ് രോഗബാധ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ പിന്തുടരാൻ അതോറിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിംവദന്തികൾ, തെറ്റായ വാർത്തകൾ എന്നിവ പിന്തുടരുന്നതും, പ്രചരിപ്പിക്കുന്നതും ഒഴിവാക്കണമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
നിലവിൽ എംപോക്സ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ അതോറിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എംപോക്സ് രോഗബാധയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഒരു പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സൗദി അറേബ്യ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.