സൗദി: മാളുകളിലേക്കും, മറ്റു വാണിജ്യ കേന്ദ്രങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് COVID-19 ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കുന്നു

featured GCC News

രാജ്യത്തെ മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിലെ ‘Tawakkalna’ ആപ്പ് ഉപയോഗിച്ചുള്ള സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചു. സൗദി വാണിജ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് അബ്ദുൽറഹ്മാൻ അൽ ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്.

മാളുകളിലേക്കും മറ്റും പ്രവേശിക്കുന്ന ഉപഭോക്താക്കൾ, സന്ദർശകർ തുടങ്ങിയവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരാണെന്ന് തെളിയിക്കുന്നതിനായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി മാളുകളിലേക്കും മറ്റും പ്രവേശിക്കുന്നതിന് മുൻപായി ഉപഭോക്താക്കൾ തങ്ങളുടെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് ഒരു ബാർകോഡ് സ്കാൻ ചെയ്യേണ്ടതാണ്.

ഈ നടപടിയിലൂടെ ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് സ്വയമേവ പരിശോധിക്കപ്പെടുമെന്ന അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 26-ന് രാത്രി റിയാദിൽ വെച്ച് നടന്ന ഒരു പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഈ നടപടിക്രമവുമായി ബന്ധപ്പെട്ട് സ്കാൻ ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതായ ബാർകോഡ് ഇത്തരം സ്ഥാപനങ്ങൾ തങ്ങളുടെ പ്രവേശന കവാടങ്ങളിൽ സ്ഥാപിക്കേണ്ടതാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരം ഇടങ്ങളിലേക്ക് പ്രവേശിക്കുന്ന മുഴുവൻ ഉപഭോക്താക്കളും ഈ സ്കാനിംഗ് നടപടികൾ പൂർത്തിയാക്കുന്നുണ്ടെന്ന് സ്ഥാപനങ്ങളിലെ ജീവനക്കാർ ഉറപ്പ് വരുത്തേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ചില്ലറവില്പന മേഖലയിൽ പ്രവർത്തിക്കുന്ന ഗ്രോസറി ഷോപ്പുകൾ, അലക്കുകമ്പനികൾ, തയ്യൽകടകൾ, ബാർബർഷോപ്പുകൾ തുടങ്ങിയ ചെറിയ കടകളിലെത്തുന്ന ഉപഭോക്താക്കളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഇത്തരം സ്ഥാപനങ്ങൾ നേരിട്ട് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരിശോധനകളിൽ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചിട്ടുള്ളവർക്കും മാത്രമാണ് സ്ഥാപനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.