ഒമാൻ: തൊഴിലിടങ്ങളിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചു

featured GCC News

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം നേരിടുന്നതിന്റെ ഭാഗമായി, തൊഴിലിടങ്ങളിലെ ജീവനക്കാർക്കിടയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഡിസംബർ 27-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലെ, ഇതുവരെ COVID-19 വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിനായി സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് തൊഴിൽ മന്ത്രാലയം ഇക്കാര്യം തീരുമാനിച്ചിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, ഒമാനിലെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ താഴെ പറയുന്ന തീരുമാനങ്ങളാണ് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ നടപ്പിലാക്കുന്നത്:

  • ഈ തീരുമാന പ്രകാരം ഒമാനിലെ പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ തൊഴിലെടുക്കുന്ന മുഴുവൻ ജീവനക്കാരും തങ്ങൾ ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ രണ്ട് ഡോസുകൾ സ്വീകരിച്ചതായി തെളിയിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതാണ്. ആരോഗ്യ പരമായ കാരണങ്ങളാൽ വാക്സിൻ സ്വീകരിക്കുന്നതിൽ ഇളവ് ലഭിച്ചിട്ടുള്ള ജീവനക്കാർ ഇത് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് (ഔദ്യോഗിക ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നുള്ള) ഹാജരാക്കേണ്ടതാണ്.
  • മേൽപ്പറഞ്ഞ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വാക്സിനെടുക്കുന്നതിൽ ഔദ്യോഗിക ഇളവ് ലഭിച്ചതായി തെളിയിക്കുന്ന രേഖകൾ ഹാജരാകാത്ത ജീവനക്കാർക്ക് തൊഴിലിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
  • ഇത്തരത്തിൽ രേഖകൾ ഹാജരാക്കാത്തതിനാൽ തൊഴിലിടങ്ങളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ജീവനക്കാർക്കെതിരെ, അനുമതിയില്ലാതെ അവധിയിൽ പ്രവേശിച്ചവർക്കെതിരെ ഒരു സ്ഥാപനം എടുക്കുന്ന നടപടികൾ എന്തെല്ലാമാണോ, അത്തരം നടപടികൾ സ്വീകരിക്കുന്നതിന് തൊഴിലുടമകൾക്ക് അനുമതി നൽകുന്നതാണ്.

ഈ നടപടിക്രമങ്ങൾ സംബന്ധിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും, ഈ നടപടിക്രമങ്ങൾ നടപ്പിലാക്കുന്നതിനും രാജ്യത്തെ മുഴുവൻ തൊഴിൽദാതാക്കളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് പ്രവേശനാനുമതി ലഭിക്കുന്നതിന് രണ്ട് ഡോസ് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.