COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുമെന്ന് സൗദി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സ്ഥിരീകരിച്ചു. മെയ് 17-ന് പുലർച്ചെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും പൂർത്തിയാക്കിയ യാത്രികർക്കാണ് ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്നത്. ഇവർക്ക് ഈ ഇളവ് ലഭിക്കുന്നതിന്, സൗദിയിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ അവസാന ഡോസ് കുത്തിവെപ്പെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയിരിക്കണം എന്നത് നിർബന്ധമാണ്. റെസിഡൻസി വിസകളിലുള്ളവർ, സന്ദർശകർ തുടങ്ങി മുഴുവൻ യാത്രികർക്കും ഈ തീരുമാനം ബാധകമാണ്.
വാക്സിനേഷൻ നടപടികൾ പൂർത്തിയാകാത്തവർക്ക് സൗദിയിൽ പ്രവേശിക്കുന്ന അവസരത്തിൽ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിൽ വ്യക്തത നൽകുന്നതിനായാണ് സൗദി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. മെയ് 20 മുതൽ സൗദിയിലേക്ക് പ്രവേശിക്കുന്ന 8 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും, യാത്ര പുറപ്പെടുന്നതിന് മുൻപ് 72 മണിക്കൂറിനിടയിൽ ലഭിച്ച PCR നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
യാത്രാ വിലക്കുകളില്ലാത്ത രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്ന COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ യാത്രികർക്കും, രാജ്യത്ത് പ്രവേശിച്ച ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കാൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മെയ് 20 മുതൽ ഈ നടപടി പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാത്ത മുഴുവൻ വിദേശികൾക്കും സൗദിയിലെത്തിയ ശേഷം ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീനിൽ തുടരേണ്ടി വരുമെന്നും ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കി.
മെയ് 17-നു 1:00am മുതൽ രാജ്യത്തിന്റെ എല്ലാ അതിർത്തികളും തുറന്ന് കൊടുത്തതായും, വ്യോമയാന സേവനങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ പിൻവലിച്ചതായും, രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചതായും, സൗദി പൗരന്മാർക്ക് വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് അനുവാദം നൽകിയതായും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Cover Photo: Saudi Press Agency.