യു എ ഇ: വിദ്യാലയങ്ങൾക്കുള്ള നാലാഴ്ച്ചത്തെ അവധി നാളെ മുതൽ; വിദേശയാത്രകൾ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് രോഗപരിശോധന നിർബന്ധം

GCC News

യു എ ഇയിൽ മാർച്ച് 8 മുതൽ നാലാഴ്ച്ചത്തേയ്ക്ക് ആരംഭിക്കുന്ന വിദ്യാലയങ്ങൾക്കുള്ള അവധിയ്ക്ക് ശേഷം തിരികെയെത്തുന്ന വിദ്യാർത്ഥികളെയും, സ്‌കൂൾ ജീവനക്കാരെയും സൂക്ഷ്മപരിശോധനകൾക്ക് വിധേയരാക്കും. ഈ കാലയളവിൽ വിദേശയാത്രകൾ നടത്തുന്ന വിദ്യാർത്ഥികളെയും, വിദ്യാലയത്തിലെ ജീവനക്കാരെയും Covid-19 ബാധയില്ലാ എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നത് വരെ വിദ്യാലയങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുന്നതായിരിക്കില്ല എന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അവധിക്ക് ശേഷം തിരികെയെത്തുന്നവരിൽ നിന്ന് രോഗബാധ പകരാനുള്ള സാധ്യതകൾ ഒഴിവാക്കാനുള്ള ഈ തീരുമാനം പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തിയാണ് മാർച്ച് 8 മുതൽ ഏപ്രിൽ 4 വരെയുള്ള കാലയളവിൽ യു എ ഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കും അവധി നൽകിയിരിക്കുന്നത്. ഈ കാലയളവിൽ വിദൂരവിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയല്ലാത്ത ക്‌ളാസുകൾക്കൊന്നും അനുമതി നൽകിയിട്ടില്ല.