ഒമാൻ: ഉയർന്ന വരുമാനമുള്ളവർക്കുള്ള വ്യക്തിഗത ആദായ നികുതി; പിൻവലിക്കില്ലെന്ന് അധികൃതർ

featured GCC News

ഉയർന്ന വരുമാനമുള്ളവർക്ക് 2028 ജനുവരി മുതൽ വ്യക്തിഗത ആദായ നികുതി ചുമത്താനുള്ള തീരുമാനം പിൻവലിക്കില്ലെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഒമാനിൽ പ്രതിവർഷം 42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് 2028 ജനുവരി മുതൽ 5% ആദായ നികുതി ചുമത്തുന്നതിനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ഒമാൻ അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മസ്കറ്റിൽ വെച്ച് നടന്ന മിഡിൽ ഈസ്റ്റ് ഇൻവെസ്റ്റർ റിലേഷൻസ് അസോസിയേഷൻ വാർഷിക സമ്മേളനത്തിലാണ് ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ മഹ്മൂദ് അൽ അവെയ്‌നി ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാനം ഏറെ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ വിഷൻ 2040-ന്റെ കീഴിൽ വരുന്ന ധനകാര്യ പരിഷ്കരണനയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനം 2028 ജനുവരി 1 മുതലാണ് ഒമാനിൽ പ്രാബല്യത്തിൽ വരുന്നത്. തൊഴിൽ, വ്യാപാരം, വാടക തുടങ്ങിയ എല്ലാ മേഖലകളിൽ നിന്നുള്ള വരുമാനവും ഇതിനായി കണക്കാക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.H. സുൽത്താൻ ഹൈതം ബിൻ താരിഖ് ’56/2025′ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിരുന്നു.

42000 റിയാലിലധികം വരുമാനമുള്ള വ്യക്തികൾക്ക് മാത്രമാണ് ഈ തീരുമാനം ബാധകമാകുന്നതെന്നും, ഇതിനാൽ ഈ തീരുമാനത്തിന്റെ പരിധിയിൽ ഒമാനിലെ ഏതാണ്ട് 99 ശതമാനം നിവാസികളും വരുന്നില്ലെന്നും ഒമാൻ ടാക്സ് അതോറിറ്റി ചൂണ്ടിക്കാട്ടിയതായി പ്രാദേശിക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.