കുവൈറ്റ്: കാലാവധി തീർന്ന വിസകൾക്ക് ഓഗസ്റ്റ് 31-നു ശേഷം അധികസമയം അനുവദിക്കില്ലെന്ന് സൂചന

GCC News

കാലാവധി അവസാനിച്ച റെസിഡൻസി വിസകളുടെയും, സന്ദർശക വിസകളുടെയും സാധുത നീട്ടിനൽകുന്ന നടപടി ഓഗസ്റ്റ് 31-നു ശേഷം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടരാനിടയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് പശ്ചാത്തലത്തിലെ യാത്ര വിലക്കുകൾ കണക്കിലെടുത്ത്
നേരത്തെ ആഭ്യന്തര മന്ത്രാലയം റെസിഡൻസി വിസകളുൾപ്പടെ സ്വയമേവ പുതുക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓഗസ്റ്റ് 31-നു ശേഷം ഈ നടപടി തുടരേണ്ടതില്ല എന്ന തീരുമാനമാണ് അധികൃതർ കൈകൊള്ളുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏതാണ്ട് 405000 പ്രവാസികൾക്ക് നേരത്തെ നൽകിയ ആനുകൂല്യപ്രകാരം ഓഗസ്റ്റ് 31-നു മുൻപായി റെസിഡൻസി വിസകൾ പുതുക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (https://www.moi.gov.kw/main), ഈ മാസം അവസാനിക്കുന്നതിനു മുൻപായി റെസിഡൻസി വിസകൾ പുതുക്കാവുന്നതാണ്.

നിലവിൽ ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് സന്ദർശക വിസയിലെത്തിയവർ രാജ്യത്തുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവർക്ക് ഓഗസ്റ്റ് 31-വരെയാണ് നിലവിൽ രാജ്യം വിടുന്നതിനു സമയം അനുവദിച്ചിട്ടുള്ളത്. ഈ കാലയളവിനു ശേഷം തുടരുന്നവർക്ക് പിഴ തുകകൾ ഉൾപ്പടെയുള്ള നിയമ നടപടികൾ നേരിടേണ്ടിവരുന്നതാണ്.