ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024-ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2024 ഫെബ്രുവരിയിൽ ദുബായിൽ വെച്ച് ഈ ടൂർണമെന്റ് ആരംഭിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കിയത്. ഫിഫ ടൂർണമെന്റുകളിൽ വെച്ച് ഏറ്റവും കൂടുതൽ ഗോളുകൾ പിറക്കുന്ന ടൂർണമെന്റായ ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പിന്റെ ആവേശം, വേഗത, നിറക്കാഴ്ചകൾ എന്നിവ അടയാളപ്പെടുത്തുന്ന രീതിയിലാണ് ഈ ഔദ്യോഗിക പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
പഴയകാല ടൂറിസം പോസ്റ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഔദ്യോഗിക പോസ്റ്റർ രൂപകൽപന ചെയ്തിരിക്കുന്നത്. ബീച്ച് സോക്കറിന്റെ പ്രധാന അടയാളങ്ങളായ സമുദ്രം, മണൽ, സൂര്യൻ മുതലായവയുടെ നിറങ്ങൾ ഈ പോസ്റ്ററിൽ ഉൾകൊള്ളുന്നു.
ബീച്ച് സോക്കർ ഫുട്ബോളിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ബൈസൈക്കിൾ കിക്ക് ഈ പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ദുബായിൽ വെച്ച് 2024 ഫെബ്രുവരി 15 മുതൽ 25 വരെയുള്ള തീയതികളിലാണ് സംഘടിപ്പിക്കുന്നത്. 2023 നവംബറിൽ നടത്താനിരുന്ന ഈ ടൂർണമെന്റ് പിന്നീട് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെക്കുകയായിരുന്നു.
ലോകത്തെ ഏറ്റവും ശക്തരായ 16 ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നതാണ്.
WAM [Cover Image: File photo from WAM. A moment from the UAE vs Spain match at the Intercontinental Beach Soccer Cup Dubai 2021.]