രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാരും, പ്രവാസികളും ഉൾപ്പടെ 74 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരന്മാരിൽ ഏതാണ്ട് 92 ശതമാനം പേരും COVID-19 വാക്സിന്റെ ആദ്യ ഡോസ് എടുത്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2021 സെപ്റ്റംബർ അവസാനത്തോടെ മുഴുവൻ പൗരന്മാർക്കും ആദ്യ ഡോസ് വാക്സിൻ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ അവസാനത്തോടെ വാക്സിനെടുക്കുന്നതിന് മുൻഗണനയുള്ള വിഭാഗങ്ങളിലെ മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും വാക്സിൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെ വാക്സിനെടുക്കാത്തവരോട് എത്രയും വേഗം വാക്സിൻ സ്വീകരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ കർശനമായി തുടരാൻ അദ്ദേഹം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
അതേസമയം, രാജ്യത്തെ COVID-19 മഹാമാരിയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ആത്മവിശ്വാസം നൽകുന്ന രീതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒമാനിലെ രോഗവ്യാപനം വളരെയധികം കുറഞ്ഞതായും, പുതിയ രോഗബാധിതരുടെ എണ്ണത്തിലും, മരണനിരക്കിലും വലിയ കുറവ് രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 18-ന് രാജ്യത്താകമാനം 18 പേരെ മാത്രമാണ് COVID-19 രോഗബാധയെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.