സോഹാറിലേക്കും, തിരികെയുമുള്ള എയർ അറേബ്യ അന്താരാഷ്ട്ര വിമാനസർവീസുകളുടെ എണ്ണം പ്രതിവാരം ഏഴ് സർവീസുകൾ എന്ന രീതിയിലേക്ക് ഉയർത്താൻ തീരുമാനിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. സെപ്റ്റംബർ 13-നാണ് ഒമാൻ എയർപോർട്ട്സ് ഇക്കാര്യം അറിയിച്ചത്.
എയർ അറേബ്യ സോഹാറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ നടത്തുമെന്നാണ് ഒമാൻ എയർപോർട്ട്സ് നേരത്തെ അറിയിച്ചിരുന്നത്. “സോഹാറിലേക്കും, തിരികെയുമുള്ള എയർ അറേബ്യ വിമാന സർവീസുകളുടെ എണ്ണം പ്രതിവാരം 3 സർവീസുകൾ എന്നതിൽ നിന്ന് 7 സർവീസുകൾ എന്ന നിലയിലേക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഈ തീരുമാനം 2021 സെപ്റ്റംബർ 16 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.”, ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കി.
സോഹാർ എയർപോർട്ടിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ സെപ്റ്റംബർ 13, തിങ്കളാഴ്ച്ച മുതൽ പുനരാരംഭിച്ചിരുന്നു. COVID-19 വ്യാപന പശ്ചാത്തലത്തിൽ സോഹാറിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ദീർഘനാളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.