സൗദി അറേബ്യ: നവംബർ 10 മുതൽ രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

GCC News

2022 നവംബർ 10, വ്യാഴാഴ്ച മുതൽ രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 നവംബർ 8-ന് വൈകീട്ടാണ് കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

2022 നവംബർ 10, വ്യാഴാഴ്ച മുതൽ നവംബർ 14, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഒട്ടുമിക്ക നഗരപ്രദേശങ്ങളിലും ഈ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മഴയോടൊപ്പം, ശക്തമായ കാറ്റിനും, ആലിപ്പഴം പൊഴിയുന്നതിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. വ്യാഴാഴ്‌ച മുതൽ ആരംഭിക്കുന്ന മഴ ദിനംതോറും ശക്തിപ്രാപിക്കാനിടയുണ്ടെന്നും, ഹൈൽ, ബാഖ, അൽ ഘസലാ, ആഷ് ഷിനാൻ മുതലായ ഇടങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് ഇത് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.