സൗദി: തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു

featured GCC News

തൊഴിൽ തർക്കങ്ങളിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും, ഇത്തരം കേസുകളിൽ പിരിച്ചെടുക്കേണ്ടതായ തുകകൾ വസൂലാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനുമായി സൗദി നിയമ മന്ത്രാലയം പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ചു. ‘Labor calculator’ എന്ന പേരിലുള്ള ഈ ഡിജിറ്റൽ ആപ്പിന്റ ആദ്യ പതിപ്പ് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനും, തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും, സാമ്പത്തിക ഒത്ത്തീർപ്പുകളിൽ സുതാര്യത, കൃത്യത എന്നിവ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്.

തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങൾ അടങ്ങിയ ഒരു ആപ്പ് ആണ് ഇതെന്നും, ഇത് ഉപയോഗിക്കുന്നതിന് വളരെ എളുപ്പമാണെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നിയമങ്ങളിലെ മുഴുവൻ വകുപ്പുകളും ഈ ആപ്പിലൂടെ കാണുന്നതിനും, ആവശ്യമെങ്കിൽ പ്രിന്റ് ചെയ്തെടുക്കുന്നതിനും സാധിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രവാസികൾക്കും, പൗരന്മാർക്കും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

സേവനങ്ങൾ അവസാനിപ്പിക്കുന്ന അവസരത്തിൽ ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ശമ്പള കുടിശ്ശിക, ലീവ് സാലറി ആനുകൂല്യങ്ങൾ, ഏകപക്ഷീയമായി പിരിച്ച് വിടുന്ന തൊഴിലാളികൾക്ക് ലഭിക്കാവുന്ന നഷ്‌ടപരീഹാരം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. https://www.moj.gov.sa/ar/eServices/Pages/Details.aspx?itemId=152 എന്ന വിലാസത്തിൽ ഈ ആപ്പ് ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Cover Photo: spa.gov.sa