ഒമാൻ: ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ലൈസൻസ് നിർബന്ധമാക്കുന്നു

featured GCC News

രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിച്ചു. 2023 സെപ്റ്റംബർ 10-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/Tejarah_om/status/1700854142166499546

ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ‘499/2023’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും, ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും, ഈ മേഖലയിൽ നടക്കുന്ന ഇടപാടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലെ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കുന്നതാണ്. താഴെ പറയുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്:

  • ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ലൈസൻസ് നിർബന്ധമാണ്. ഇതിനായുള്ള അപേക്ഷ മന്ത്രാലയത്തിൽ ഓൺലൈനിലൂടെ സമർപ്പിക്കേണ്ടതാണ്.
  • ഒമാനിൽ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൾപ്പടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് കൊമേർഷ്യൽ റെജിസ്ട്രേഷൻ നിർബന്ധമാണ്.

ഈ തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 90 ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വരുന്നതാണെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.