ഒമാൻ: COVID-19 വ്യാപനം കണ്ടെത്തുന്നതിനുള്ള രാജ്യവ്യാപക സർവേ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം

GCC News

ഒമാനിലെ കൊറോണ വൈറസ് രോഗവ്യാപനത്തോത് നിർണ്ണയിക്കുന്നതിനുള്ള ദേശീയ പരിശോധനാ സർവേ ജൂലൈ 12, ഞായറാഴ്ച്ച ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ സർവേ ജൂലൈ 12 മുതൽ പത്ത് ആഴ്ച്ച നീണ്ടുനിൽക്കും. 4 ഘട്ടങ്ങളായി നടപ്പിലാക്കുന്ന ഈ സർവേയിൽ ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും, വിലായത്തുകളിലും വിവിധ പ്രായത്തിൽപ്പെട്ടവരുടെ ഇടയിൽ ജനസംഖ്യാപരമായ വിവര ശേഖരണവും, രക്തസാമ്പിളുകളുടെ ശേഖരണവും നടപ്പിലാക്കും.

5 ദിവസം വീതം നീണ്ടു നിൽക്കുന്ന ഓരോ ഘട്ടങ്ങളിലും, 5000-ത്തിൽ പരം സാമ്പിളുകളാണ് പരിശോധനകൾക്കായി ശേഖരിക്കുന്നത്. ഓരോ ഘട്ടത്തിനും ശേഷം രണ്ടാഴ്ച്ച ഇടവേളയിട്ടാണ് സർവേ നടപ്പിലാക്കുക. ഓരോ ഗവർണറേറ്റിലും 300 മുതൽ 400 പേരുടെ വരെ സാമ്പിളുകൾ ശേഖരിക്കും. ഇത്തരത്തിൽ 10 ആഴ്ച്ചകളിലായി എല്ലാ ഗവർണറേറ്റുകളിൽ നിന്നും 20000-ത്തോളം പേരുടെ ഇടയിലാണ് സർവേ നടപ്പിലാക്കുന്നത്. ഒമാനിലെ പൗരന്മാരുടെ ഇടയിലും, നിവാസികളുടെ ഇടയിലും ഈ സർവേ നടത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ സർവേയിലൂടെ, സമൂഹത്തിലെ വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ഇടയിലെ രോഗവ്യാപനത്തിന്റെ തോത് അറിയുന്നതിനും, രാജ്യത്തെ ഓരോ ഗവർണറേറ്റ് തലത്തിലുള്ള COVID-19 രോഗത്തിന്റെ വ്യാപനത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നതിനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഒമാനിലെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുന്നതിൽ ഈ സർവേ നിര്‍ണ്ണായകമാണ്. ഭാവിയിൽ ഈ മഹാമാരിയെ നേരിടുന്നതിനായുള്ള മാർഗരേഖ തയാറാക്കുന്നതിനും, സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സർവേ ഫലങ്ങൾ സഹായകമാകും.

നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന, ഓരോ ഗവർണറേറ്റുമായി ബന്ധപ്പെട്ട ജനസംഖ്യാ വിവരങ്ങളിൽ നിന്ന്, ക്രമരഹിതമായി തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങളും, സാമ്പിളുകളുമാണ് സർവേയുടെ ഭാഗമായി ശേഖരിക്കുന്നത്. ഈ സർവേയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ഓരോ ഗവർണറേറ്റുകളിലെയും ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥർ നേരിട്ട് ഫോൺ വഴി ബന്ധപ്പെടുന്നതാണ്. ഇതിനു ശേഷം സർവേ നടപടികൾക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനായുള്ള വിവരങ്ങൾ ഇവർക്ക് കൈമാറുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

സർവേ നടപടികളിൽ പങ്കെടുക്കുന്നവരുടെ പൂർണ്ണമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും ഇത്തരം കേന്ദ്രങ്ങളിൽ മന്ത്രാലയം ഒരുക്കുന്നതാണ്. ആളുകൾ തമ്മിൽ പരമാവധി ഇടപഴകലുകൾ ഒഴിവാക്കുന്നതിനുള്ള സംവിധാനങ്ങൾ ഇത്തരം കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. സർവേയിൽ പങ്കെടുക്കാൻ സന്നദ്ധരാകുന്നവരിൽ നിന്ന് ഒരു സമ്മതപത്രം ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ശേഖരിക്കുന്നതാണ്.

ഒമാൻ ആരാഗ്യ മന്ത്രാലയത്തിന്റെ Tarassud+ എന്ന ആപ്പ് ഉപയോഗിച്ചാണ് സർവേ വിവരങ്ങൾ ശേഖരിക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ, ജനസംഖ്യാപരമായ വിവരങ്ങൾ, ആന്റിബോഡി പരിശോധനകൾക്കായുള്ള രക്ത സാമ്പിളുകൾ, ആരോഗ്യ വിവരങ്ങൾ, സാമൂഹിക പശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ എന്നിവയാണ് ശേഖരിക്കുന്നത്. സർവേയിൽ പങ്കെടുക്കുന്നവരുടെ പരിശോധനാഫലങ്ങൾ ഡിജിറ്റൽ മാർഗത്തിലൂടെ അറിയിക്കുന്നതാണ്.