ഒമാൻ: സാധുതയുള്ള എല്ലാ വിസകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി CAA

GCC News

സാധുതയുള്ള എല്ലാ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി. ഏപ്രിൽ 16, വെള്ളിയാഴ്ച്ച രാവിലെയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഒമാനിൽ നിന്ന് സർവീസ് നടത്തുന്ന വ്യോമയാന കമ്പനികൾക്ക് CAA നൽകിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസുമായി സംയുക്തമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നതെന്നും CAA വ്യക്തമാക്കി. ഈ തീരുമാനപ്രകാരം ഒമാനിൽ നിന്നുള്ള സാധുതയുള്ള മുഴുവൻ വിസകളിലുള്ളവർക്കും രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണ്.

രാജ്യത്തെ COVID-19 നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ ഒമാനിലേക്കുള്ള പ്രവേശനം ഒമാൻ പൗരന്മാർക്കും, ഏപ്രിൽ 5 വരെ അനുവദിക്കപ്പെട്ട റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും മാത്രമായി നിയന്ത്രിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു. ഒമാനിലെ COVID-19 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത്തരം ഒരു നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ഒമാൻ CAA ഏപ്രിൽ 7-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ ഇപ്പോൾ ഭേദഗതി വരുത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.