വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും, രാജ്യത്തെത്തിയ ശേഷമുള്ള, നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ഒമാനിലെ സർക്കാർ, സ്വകാര്യ, അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യയനവിഭാഗം ജീവനക്കാർക്ക് ഈ ഇളവ് ലഭ്യമാണ്.
2021 ഓഗസ്റ്റ് 1-ന് രാത്രിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം രാജ്യത്ത് പ്രവർത്തിക്കുന്ന വിമാനകമ്പനികൾക്ക് നൽകിയതായും CAA വ്യക്തമാക്കി. ഒമാൻ സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ തീരുമാനം.
ഓഗസ്റ്റ് 2 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന അദ്ധ്യയനവിഭാഗം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ഇവർക്ക് ഹോം ക്വാറന്റീൻ നടപടികൾ നിർബന്ധമാണ്. ഇതിന് പുറമെ, ഇവർക്ക് ക്വാറന്റീൻ കാലാവധിയിൽ കൈകളിൽ ധരിക്കുന്ന ട്രാക്കിംഗ് ഉപകരണവും നിർബന്ധമാക്കിയിട്ടുണ്ട്.