ഇന്ത്യയിൽ നിന്നുള്ള യാത്രികർക്കുള്ള യാത്രാ വിലക്ക് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി വിജ്ഞാപനം പുറത്തിറക്കി

GCC News

ഏപ്രിൽ 24 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റി തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച്‌ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഏപ്രിൽ 21-ന് രാത്രിയാണ് CAA ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

ഏപ്രിൽ 21-ന് വൈകീട്ടാണ് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 2021 ഏപ്രിൽ 24-ന് വൈകീട്ട് 6 മണി മുതൽ ഒമാനിലേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുമെന്നും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഈ തീരുമാനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകളാണ് CAA ഈ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ രാജ്യത്തേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളെ അറിയിച്ചിട്ടുള്ളത്.

“റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ, റിപ്പബ്ലിക്ക് ഓഫ് ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെയും, ഒമാനിലേക്ക് പ്രവേശിക്കുന്ന തീയ്യതിക്ക് 14 ദിവസം മുൻപ് ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവരെയും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിച്ചവരെയും 2021 ഏപ്രിൽ 24-ന് വൈകീട്ട് 6 മണി മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഔദ്യോഗിക വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുന്നതാണ്.”, CAA പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.