യാത്രാ വിലക്കുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന വിമാനസർവീസുകൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തത നൽകി. ഏപ്രിൽ 29-ന് രാത്രിയാണ് ഒമാൻ CAA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“നിലവിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ഏതാനം പ്രത്യേക വിമാനങ്ങൾക്ക് മാത്രമാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നൽകുന്നത്. ഇത്തരം സർവീസുകൾ ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തുന്ന ഒമാൻ പൗരന്മാർക്കും, ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും യാത്രാ സേവനങ്ങൾ നൽകുന്നതിനാണ് അനുമതി നൽകുന്നത്. ഇതിന് പുറമെ അവശ്യ വസ്തുക്കൾ കൊണ്ട് വരുന്നതിനുള്ള ചരക്ക് വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.”, CAA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
“ഇത്തരം സർവീസുകൾ കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് നടത്തുന്നത്. ഏപ്രിൽ 29, വ്യാഴാഴ്ച്ച കൊച്ചിയിൽ നിന്ന് സലാല എയർപോർട്ടിൽ പ്രവേശിക്കാൻ അനുമതി നൽകിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ത്യയിൽ നിന്നുള്ള 3 മെഡിക്കൽ ജീവനക്കാരായിരുന്നു യാത്ര ചെയ്തിരുന്നത്. ഈ വിമാനം ഇന്ത്യയിലേക്ക് മടങ്ങുന്ന 100 ഇന്ത്യൻ യാത്രികരുമായി ഒരു മണിക്കൂറിന് ശേഷം കൊച്ചിയിലേക്ക് മടങ്ങി.”, CAA കൂട്ടിച്ചേർത്തു.
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് 2021 ഏപ്രിൽ 24 മുതൽ ഒമാനിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമാനിലേക്ക് പ്രവേശിക്കുന്ന തീയ്യതിക്ക് 14 ദിവസം മുൻപ് ഈ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും, ഈ രാജ്യങ്ങളിലൂടെ ട്രാൻസിറ്റ് യാത്രികരായ സഞ്ചരിച്ചവർക്കും ഈ വിലക്ക് ബാധകമാണ്. ഈ രാജ്യങ്ങളിലെ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത്തരം ഒരു വിലക്കേർപ്പെടുത്തിയത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വിലക്കുകൾ തുടരുന്നതാണ്. ഒമാൻ പൗരന്മാർ, നയതന്ത്ര ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.