ഒമാൻ: വിദേശത്ത് നിന്നെത്തുന്നവരുടെ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

featured GCC News

വിദേശ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതുക്കിയ യാത്രാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വിജ്ഞാപനം പുറത്തിറക്കി. സെപ്റ്റംബർ 1-ന് വൈകീട്ടാണ് ഒമാൻ CAA ഈ അറിയിപ്പ് നൽകിയത്.

ഈ വിജ്ഞാപന പ്രകാരം, ഒമാനിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കിയിട്ടുണ്ട്:

  • ഒമാൻ പൗരന്മാർ, ഒമാൻ റെസിഡൻസി വിസകളുള്ളവർ, ഒമാൻ അനുവദിച്ചിട്ടുള്ള മറ്റു സാധുതയുള്ള വിസകളുള്ളവർ, വിസ ഓൺ അറൈവൽ സേവനത്തിന് അർഹതയുള്ളവർ എന്നീ വിഭാഗങ്ങൾക്ക് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഒമാനിലേക്ക് പ്രവേശനം നൽകുന്നതാണ്.
  • ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ഒമാൻ പൗരന്മാർ ഉൾപ്പടെയുള്ള മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുന്നതാണ്.
  • ഒമാനിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഒമാൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിന്റെ മുഴുവൻ ഡോസ് കുത്തിവെപ്പുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് (ഒമാൻ അംഗീകരിച്ചിട്ടുള്ള ഒറ്റ ഡോസ് വാക്സിൻ ആണെങ്കിൽ അതിന്റെ ഒരു ഡോസ് കുത്തിവെപ്പ്) 14 ദിവസം പൂർത്തിയാക്കിയ യാത്രികർക്കാണ് പ്രവേശനാനുമതി. ഇവർ ഇത്തരത്തിൽ ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചതിന്റെ തെളിവായി വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ആധികാരികത തെളിയിക്കുന്നതിനായി, ഇപ്രകാരം ഹാജരാക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ QR കോഡ് നിർബന്ധമാണ്. ഒമാൻ അംഗീകരിച്ചിട്ടുള്ള വാക്സിനുകളുടെ പട്ടിക താഴെ കൊടുത്തിട്ടുണ്ട്.
  • ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, യാത്ര തിരിക്കുന്ന രാജ്യത്ത് നിന്നെടുത്ത COVID-19 PCR നെഗറ്റീവ് റിസൾട്ടുമായെത്തുന്നവർക്ക് ഒമാനിലെത്തിയ ശേഷമുള്ള ക്വാറന്റീൻ ഒഴിവാക്കി നൽകുന്നതാണ്. ഒമാനിലേക്കുള്ള വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിലധികം വേണ്ടി വരുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 96 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്. വിമാനയാത്രയ്ക്ക് എട്ട് മണിക്കൂറിൽ താഴെ മാത്രം വേണ്ടിവരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് ഹാജരാക്കേണ്ടതാണ്.
  • COVID-19 PCR നെഗറ്റീവ് റിസൾട്ട് ഇല്ലാതെ ഒമാനിലെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് PCR ടെസ്റ്റ് നടത്തുന്നതാണ്. ഇവർ നെഗറ്റീവ് റിസൾട്ട് ലഭിക്കുന്നത് വരെ നിർബന്ധിത ക്വാറന്റീനിൽ തുടരേണ്ടതാണ്. ഈ കാലയളവിൽ ഇവർ കൈകളിൽ ട്രാക്കിംഗ് ഉപകരണം ധരിക്കേണ്ടതാണ്. ഈ പരിശോധനയിൽ പോസിറ്റീവ് ആകുന്നവർക്ക് 10 ദിവസത്തെ ഐസൊലേഷൻ നിർബന്ധമാണ്.
  • ഒമാനിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന വിലാസത്തിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഇതിന് ശേഷം യാത്രികർ തങ്ങളുടെ വാകിസിനേഷൻ സർട്ടിഫിക്കറ്റ്, PCR റിസൾട്ട് എന്നിവ ഈ സംവിധാനത്തിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഈ രേഖകളിൽ QR കോഡ് നിർബന്ധമാണ്. ഒമാനിലെത്തിയ ശേഷം PCR ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നവർ ഇതിനുള്ള ഫീ https://covid19.emushrif.om/ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്ന അവസരത്തിൽ നൽകേണ്ടതാണ്.
  • 18 വയസിന് താഴെ പ്രായമുള്ള യാത്രികർക്കും, ആരോഗ്യ കാരണങ്ങളാൽ വാക്സിനെടുക്കാൻ കഴിയാത്തവർക്കും (ഇത് തെളിയിക്കുന്നതിനുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്) വാക്സിനേഷൻ നിബന്ധനകൾ, PCR പരിശോധന എന്നിവ ഒഴിവാക്കിയിട്ടുണ്ട്.
  • ഒമാൻ പൗരന്മാരല്ലാത്ത മുഴുവൻ യാത്രികർക്കും ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തെ COVID-19 ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാണ്.
  • ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർ, ഒമാൻ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾ, വാക്സിനെടുക്കാത്ത റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് COVID-19 വാക്സിനേഷൻ നിബന്ധന ഒഴിവാക്കിക്കൊണ്ട് പ്രവേശനം അനുവദിക്കുന്നതാണ്.

ഈ നിബന്ധനകൾ 2021 സെപ്റ്റംബർ 1 ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ:

  • ഫൈസർ ബയോഎൻ ടെക് (Pfizer BioNTech).
  • ഓക്സ്ഫോർഡ് ആസ്ട്രസെനേക (Oxford AstraZeneca).
  • സ്പുട്നിക് (Sputnik).
  • സിനോവാക് (Sinovac).
  • മോഡർന (Moderna).
  • ജോൺസൻ ആൻഡ് ജോൺസൻ (Johnson & Johnson).
  • സിനോഫാം (Sinopharm).
  • കോവിഷീൽഡ് ആസ്ട്രസെനേക (Covishield AstraZeneca).

വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ 2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഒമാനിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത ശേഷം വിദേശത്തേക്ക് യാത്ര ചെയ്തവർ ഉൾപ്പടെ ഏതാനം വിഭാഗങ്ങൾക്ക് തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്:

ഒമാനിൽ നിന്ന് ഒരു ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത റെസിഡൻസി വിസകളിലുള്ളവർ, ഒമാൻ സർക്കാർ, സ്വകാര്യ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾ, വാക്സിനെടുക്കാത്ത റെസിഡൻസി വിസകളിലുള്ളവർ തുടങ്ങിയ ഏതാനം വിഭാഗങ്ങൾക്ക് ഈ നിബന്ധന കൂടാതെ തിരികെ പ്രവേശിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് ഏതാനം നിബന്ധനകളോടെയാണ് തിരികെ പ്രവേശിക്കുന്നതിന് അനുമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

  • ഇവർക്ക് ഒമാനിലേക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് റിസൾട്ട് നിർബന്ധമാണ്.
  • ഇവർ ഒമാനിലെത്തിയ ശേഷം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.
  • ഇവർക്ക് 7 ദിവസത്തെ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ഈ കാലയളവിൽ കൈകളിൽ ട്രാക്കിംഗ് ബ്രേസ്‌ലെറ്റ് ധരിക്കേണ്ടതാണ്.
  • ഇവർ എട്ടാം ദിനം മറ്റൊരു PCR ടെസ്റ്റ് നടത്തേണ്ടതാണ്.