ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ദോഫർ, അൽ വുസ്ത എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത

GCC News

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) നവംബർ 20-ന് അറിയിപ്പ് നൽകി. ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി CAA മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്ററിൽ നിന്നുള്ള കാലാവസ്ഥാ അവലോകനം അനുസരിച്ച് തെക്കൻ അറബിക്കടലിൽ ഒരു ന്യൂനമർദ്ദം രൂപപ്പെട്ടതായും, കാറ്റിന്റെ വേഗത 17 മുതൽ 27 നോട്ട് വരെ ഉണ്ടാകുമെന്നും CAA പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. നവംബർ 23, തിങ്കളാഴ്ച്ച മുതൽ ഇതിന്റെ ഭാഗമായി ദോഫർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ മഴയും, കാറ്റും ഉണ്ടാകാമെന്നും CAA കൂട്ടിച്ചേർത്തു.

ദോഫർ, അൽ വുസ്ത ഗവർണറേറ്റുകളുടെ തീരദേശ മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. 2 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ ഇവിടങ്ങളിൽ തിരമാലകൾ രൂപപ്പെടാമെന്നും CAA അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും, കടലോരമേഖലയിലും ജാഗ്രത പാലിക്കണമെന്നും, പെട്ടന്നുള്ള വെള്ളപൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങൾ ഒഴിവാക്കാനും CAA നിർദ്ദേശിച്ചിട്ടുണ്ട്.