ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വർഷത്തിൽ രണ്ട് സ്മാരക നാണയങ്ങളുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

GCC News

രാജ്യത്തിന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികാഘോഷവേളയിൽ, ഈ ഉജ്ജ്വല മുഹൂർത്തം ചരിത്രത്തിൽ രേഖപ്പെടുത്തുന്നതിനായി വെള്ളിയിൽ തീർത്ത രണ്ട് സ്മാരക നാണയങ്ങൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) അറിയിച്ചു. അന്തരിച്ച മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് മുന്നോട്ട് വെച്ചിരുന്ന സാംസ്‌കാരിക പൈതൃകത്തിന്റെ ഓർമ്മകളും, നിലവിലെ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന് കീഴിൽ രാജ്യം നവോത്ഥാനത്തിന്റെ പാതയിലൂടെ നടത്തുന്ന കുതിപ്പും ഈ നാണയങ്ങളിലൂടെ പ്രതിഫലിക്കുന്നതായി CBO വ്യക്തമാക്കി.

വെള്ളിയിൽ തീർത്ത ഈ നാണയങ്ങൾ ഒരു ഒമാൻ റിയാൽ അടിസ്ഥാന മൂല്യമുള്ളതാണ്. 38.61 mm വ്യാസമുള്ള ഈ നാണയങ്ങൾക്ക് 28.28 ഗ്രാം വീതം ഭാരമുണ്ട്. 2020 എന്ന വർഷം മുദ്രണം ചെയ്തിട്ടുള്ള ഈ സ്മാരക നാണയങ്ങൾ ഓരോന്നും 25 റിയാലിനാണ് വിൽക്കുന്നതെന്ന് CBO അറിയിച്ചു. രണ്ട് നാണയങ്ങളും അടങ്ങിയ സെറ്റിന് 50 റിയാലാണ് വില.

Photo: cbo.gov.om

ഇരു നാണയങ്ങളുടെയും മുൻവശത്ത് ദേശീയ ചിഹ്നവും, ‘സുൽത്താനേറ്റ് ഓഫ് ഒമാൻ’, ‘സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ’ എന്നീ വാചകങ്ങളും, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ മൂല്യവും മുദ്രണം ചെയ്തിരിക്കുന്നു. ഒരു നാണയത്തിന്റെ മറു വശത്ത് H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രത്തോടൊപ്പം, രാജ്യത്തിൻറെ ഭൂപടം, ഒരു കൂട്ടം പ്രാവുകൾ എന്നിവ മുദ്രണം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ നാണയത്തിന്റെ മറുവശത്ത് സുൽത്താൻ ഖാബൂസിന്റെ ഛായാചിത്രം, H.M. സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ ഛായാചിത്രം, രാജ്യത്തിൻറെ ഭൂപടം, ദേശീയ പതാക, ഒരു കൂട്ടം പ്രാവുകൾ എന്നിവ മുദ്രണം ചെയ്തിരിക്കുന്നു.

ഈ പ്രത്യേക സ്മാരക നാണയങ്ങൾ നവംബർ 29 മുതൽ സെൻട്രൽ ബാങ്ക് ഓഫ് ഒമാനിൽ നിന്ന് വാങ്ങാവുന്നതാണ്. ഈ നാണയങ്ങൾ അവയുടെ അടിസ്ഥാന മൂല്യത്തിൽ ഒമാനിൽ ഉപയോഗിക്കാമെന്നും CBO വ്യക്തമാക്കി.