അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിൽ നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.
ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്‌ക്വയറിൽ വെച്ചായിരുന്നു ഈ മിലിറ്ററി പരേഡ്.
റോയൽ ആർമി ഓഫ് ഒമാൻ, റോയൽ എയർ ഫോഴ്സ് ഓഫ് ഒമാൻ, റോയൽ നേവി ഓഫ് ഒമാൻ, ഒമാൻ റോയൽ ഗാർഡ്, സുൽത്താൻസ് സ്പെഷ്യൽ ഫോഴ്സസ്, റോയൽ ഒമാൻ പോലീസ്, അശ്വസേനാ വിഭാഗങ്ങൾ തുടങ്ങിയവർ ഈ പരേഡിൽ പങ്കെടുത്തു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ വിലായത്തുകളിലും പ്രത്യേക സ്വാഗത ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
സലാലയിൽ നടന്ന വർണ്ണാഭമായ ദേശീയദിന മാർച്ചിൽ നൂറുകണക്കിന് പൗരന്മാർ പങ്കെടുത്തു.
അമ്പത്തിരണ്ടാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 നവംബർ 30, ബുധനാഴ്ച, ഡിസംബർ 1, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ അവധി ഒമാനിലെ പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ബാധകമായിരിക്കും.