രാജ്യത്തിന്റെ അമ്പത്തിരണ്ടാമത് ദേശീയ ദിനം ആചരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് വ്യക്തമാക്കി. 2022 നവംബർ 8-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2022 നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലെ അൽ നാസർ സ്‌ക്വയറിൽ നടക്കുന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകുമെന്ന് ഒമാൻ സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷണൽ സെലിബ്രേഷൻസ് സെക്രട്ടറി ജനറൽ ഷെയ്ഖ് സബാ ഹംദാൻ അൽ സാദി അറിയിച്ചു.
രാജ്യത്തെ എല്ലാ വിലായത്തുകളിലും പ്രത്യേക സ്വാഗത ചടങ്ങുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മസ്കറ്റ് ഗവർണറേറ്റിൽ അൽ ബുസ്താൻ റൌണ്ട്എബൗട്ട് മുതൽ അൽ ബാറാഖ പാലസ് വരെയുള്ള പ്രധാന വീതിയുടെ വശങ്ങളിൽ ദേശീയ പതാകയും, ദീപാലങ്കാരങ്ങളും ഏർപ്പെടുത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിലെ ഓരോ ഗവർണറേറ്റിലെയും ഒരു വിലായത്തിൽ പ്രത്യേക അലങ്കാരക്കാഴ്ചകൾ ഒരുക്കുമെന്നും, കണ്ണഞ്ചിപ്പിക്കുന്ന ലേസർ പ്രകടനങ്ങൾ, ഡ്രോൺ പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നവംബർ 18, 19 തീയതികളിൽ മസ്കറ്റ് ഗവർണറേറ്റിന്റെ വിവിധ ഇടങ്ങളിൽ വിനോദപ്രദര്‍ശനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലും, നവംബർ 19-ന് മുസന്ദം ഗവർണറേറ്റിലും സമാനമായ വിനോദപ്രദര്‍ശനങ്ങൾ സംഘടിപ്പിക്കുന്നതാണ്. ദേശീയദിനത്തിന്റെ ഭാഗമായി ഏതാനം വികസനപദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക അറിയിപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.