ഒമാൻ: ധോഫർ ഗവർണറേറ്റും, മറ്റു വിനോദ സഞ്ചാര മേഖലകളും അടച്ചു; ചെക്ക്പോയിന്റുകൾ നിലവിൽ വന്നു

Family & Lifestyle GCC News

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ധോഫർ ഗവർണറേറ്റ്, ദുഖം വിലായത്ത്, മസിറ, ജബൽ അക്തർ, ജബൽ ഷംസ് എന്നിവിടങ്ങൾ അടച്ചിടാനുള്ള തീരുമാനം ഒമാനിൽ നടപ്പിലാക്കി. ഇതിനായി ഈ മേഖലകളിലേക്കുള്ള യാത്രകൾ നിയന്ത്രിക്കാനായുള്ള, റോയൽ ഒമാൻ പോലീസിന്റെ ചെക്ക്പോയിന്റുകൾ നിലവിൽ വന്നിട്ടുണ്ട്. ഇന്ന് (ജൂൺ 13) ഉച്ചയ്ക്ക് 12 മണി മുതൽ ജൂലൈ 3 വരെയാണ് ഈ മേഖലകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത്.

ഈ മേഖലകളിൽ, നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി കർശനമായ പരിശോധനകൾ ഉണ്ടായിരിക്കുമെന്നും, ജൂലൈ 3 വരെ ചെക്ക്പോയിന്റുകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. ചരക്ക് ഗതാഗതത്തിനുള്ള ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണങ്ങളോടെ ഈ മേഖലകളിലേക്ക് അനുവാദം നൽകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം ചരക്ക് ഗതാഗതത്തിനുള്ള വാഹനങ്ങളിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ എന്നും, നിയന്ത്രിത മേഖലകളിൽ മറ്റുള്ളവരുമായും ഇടപഴകാനോ, സാധനങ്ങൾ ഇറക്കുന്ന വേളയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനോ അനുവാദം ഉണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

അതെ സമയം, നിയന്ത്രണങ്ങളുടെ ഭാഗമായി മസിറയിലേക്കുള്ള എല്ലാ ഫെറി സർവീസുകളും (യാത്രികർക്കുള്ള) ജൂൺ 13 മുതൽ നിർത്തലാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മസിറയിലേക്കും, തിരികെയുമുള്ള സ്വകാര്യ മേഖലയിലെയും, സർക്കാർ സംവിധാനങ്ങളിലെയും എല്ലാ ഫെറി സർവീസുകളും നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ ചരക്ക് ഗതാഗതത്തിനുള്ള ഫെറികൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങൾക്ക് അനുസൃതമായി സർവീസ് നടത്തുന്നതിന് അനുവാദം നൽകും.

രോഗ വ്യാപനം വർദ്ധിക്കുന്നതും, ഒമാനിലെ വേനൽക്കാല വിനോദസഞ്ചാര ദിനങ്ങളിൽ ഉണ്ടായേക്കാവുന്ന തിരക്കുകൾ കണക്കിലെടുത്തുമാണ്, അനിയന്ത്രിതമായ തിരക്കുകൾ ഒഴിവാക്കുന്നതിലൂടെ കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടത്. ധോഫർ ഗവർണറേറ്റിൽ സമ്പൂർണ്ണ ലോക്ക്ഡൌണാണ് ഏർപെടുത്തുന്നത്. ഈ കാലയളവിൽ മേഖലയിലേക്കും, തിരിച്ചും പ്രവേശനം അനുവദിക്കില്ല എന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ധോഫറിലേ ജനങ്ങളോട് നിയന്ത്രണങ്ങൾ പാലിക്കാനും, ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.