കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഒമാനിലെ പ്രധാന വിനോദസഞ്ചാര മേഖലകളിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം താത്കാലികമായി നിർത്തിവെക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ ഭാഗമായി മസിറ, ജബൽ അക്തർ, ജബൽ ഷംസ്, ധോഫർ ഗവർണറേറ്റ് എന്നിടങ്ങളിലേക്ക് ജൂൺ 13, ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതൽ ജൂലൈ 3 വരെ പ്രവേശനമുണ്ടായിരിക്കില്ല. ഇന്ന് രാവിലെ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ കൈകൊണ്ടത്.
ഒമാനിലെ വേനൽക്കാല വിനോദസഞ്ചാര ദിനങ്ങൾ ആരംഭിക്കുന്നതും, നിലവിലെ COVID-19 വ്യാപനത്തിന്റെ സാഹചര്യവും വിലയിരുത്തിയ ശേഷം, അനിയന്ത്രിതമായ തിരക്കുകൾ ഒഴിവാക്കുന്നതിനും, രോഗവ്യാപനം തടയുന്നതിനുമായാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനമെടുത്തിട്ടുള്ളത്. ഈ മേഖലകളിൽ വിനോദ സഞ്ചാരികൾ വരുന്നതും, കൂട്ടംചേരുന്നതും ഒരു തരത്തിലും അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലെ ഓരോ മേഖലയിലെയും COVID-19 വ്യാപനത്തിന്റെ തോത് വരും ദിനങ്ങളിൽ അവലോകനം ചെയ്യുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.