ഒമാൻ: ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള വാർത്തകൾ വ്യാജമെന്ന് സുപ്രീം കമ്മിറ്റി

featured GCC News

ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഓഗസ്റ്റ് 2-ന് രാത്രിയാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ദോഫർ, മസീറ ഗവർണറേറ്റുകളിൽ ലോക്ക്ഡൌൺ തിരികെ ഏർപ്പെടുത്തിയതായുള്ള സന്ദേശങ്ങളും, വ്യാജമായി നിർമ്മിച്ച ഒരു വിജ്ഞാപനവും വ്യാപകമായി പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. ഇത്തരത്തിൽ ഔദ്യോഗിക വിജ്ഞാപനത്തിന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ 2020 ജൂലൈ മാസത്തിലെ രേഖകളിൽ കൃത്രിമം നടത്തിയതാണെന്ന് കമ്മിറ്റി വ്യക്തമാക്കി.

“ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനമില്ലാത്തതാണ്. 2020 ജൂലൈ മാസത്തിലെ ഒരു വിജ്ഞാപനത്തിൽ മാറ്റം വരുത്തിയാണ് ഈ വ്യാജവാർത്തയോടൊപ്പം പ്രചരിപ്പിക്കുന്നത്.”, കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

Image: Oman News Agency.