ഒമാൻ: മസീറ വിലായത്തിൽ എൻവിറോണ്മെന്റ് അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിച്ചു

Oman

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മസീറ വിലായത്തിൽ 2300 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ മസീറ വിലായത്തിൽപ്പെടുന്ന ഖോർ അൽ ഹരെയിലാണ് മറൈൻ എൻവിറോണ്മെന്റ് ഡിപ്പാർട്മെന്റ്, പ്രാദേശിക എൻവിറോമെൻറ് സെന്റർ എന്നിവരുമായി ചേർന്ന് അതോറിറ്റി കണ്ടൽ വൃക്ഷതൈകൾ നട്ട് പിടിപ്പിച്ചത്.

ഒമാനിലെ നദീമുഖങ്ങൾ സംരക്ഷിക്കുന്നതിനും, അവയെ പൂര്‍വ്വദശയിലേക്ക് തിരികെ കൊണ്ടു വരുന്നതിനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഈ ദേശീയ പദ്ധതിയുടെ കീഴിൽ രാജ്യത്തുടനീളം ഏതാണ്ട് പത്ത് ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടു വളർത്തുന്നതിനാണ് അതോറിറ്റി ലക്ഷ്യം വെക്കുന്നത്.

പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ കണ്ടൽ വൃക്ഷങ്ങൾ വലിയ പങ്ക് വഹിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി. തീരദേശമേഖലകളിലെ മണ്ണൊലിപ്പ് തടയുന്നതിനും, അനവധി ജീവജാലങ്ങൾക്ക് പ്രകൃതിദത്തമായ വാസസ്ഥലം ഒരുക്കുന്നതിനും കണ്ടൽ വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിലൂടെ സാധിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.