ഒക്ടോബർ 13, ചൊവ്വാഴ്ച്ച മുതൽ മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് പ്രത്യേക സഹായ സേവനങ്ങൾ നൽകുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ പദ്ധതിക്ക് കീഴിൽ സൗജന്യമായി ഗൂഗിൾ ക്ലാസ്സ്‌റൂം, മറ്റു ഡിജിറ്റൽ പഠന സംവിധാനങ്ങൾ എന്നിവ ലഭ്യമാകുന്നതാണ്.
ഗ്രേഡ് ഒന്നിലെ വിദ്യാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ ഡിജിറ്റൽ പഠന സംവിധാനവും, അഞ്ച് മുതൽ 12 വരെയുള്ള ഗ്രേഡിലെ വിദ്യാർത്ഥികൾക്ക് ഗൂഗിൾ, ഒമാൻടെൽ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് ഗൂഗിൾ ക്ലാസ്സ്‌റൂം സേവനങ്ങളുമാണ് മന്ത്രാലയം നിലവിൽ നടപ്പിലാക്കുന്നത്. ടെലികമ്യൂണിക്കേഷൻ സേവനദാതാക്കളായ ‘Ooredoo’ എന്ന സ്ഥാപനവുമായി ചേർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും ഈ പഠന സംവിധാനങ്ങൾ തികച്ചും സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മന്ത്രാലയം ഒരുക്കിയിട്ടുള്ളത്.
എല്ലാ മൊബൈൽ ഉപഭോക്താക്കൾക്കും, ഓൺലൈൻ പഠനത്തിനായി, പരിധികളില്ലാത്ത ഇന്റർനെറ്റ് സേവനം പ്രതിമാസം 2 റിയാൽ നിരക്കിൽ നൽകുന്നതിനുള്ള പദ്ധതി ഒരുക്കിയതായും മന്ത്രാലയം വ്യക്തമാക്കി. പത്തുമാസത്തേക്ക്, ഈ സേവനം 16 ഒമാൻ റിയാൽ നിരക്കിൽ ലഭ്യമാകുന്നതാണ്.
ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട്, പുതിയ ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നിവ ആവശ്യമായി വരുന്ന അധ്യാപകർക്ക്, തവണ വ്യവസ്ഥയിൽ പ്രതിമാസം 7 റിയാൽ നിരക്കിൽ അവ വാങ്ങുന്നതിനുള്ള പദ്ധതിക്കും മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. വീടുകളിലേക്ക് ആവശ്യമായ ഇന്റർനെറ്റ് പാക്കേജുകളുടെ, 12 മാസത്തെ വരിക്കാരാകുന്ന അധ്യാപകർക്കാണ് പ്രത്യേക ഇലക്ട്രോണിക് വൗച്ചറുകളിലൂടെ ഈ സൗകര്യം നൽകുന്നത്.