പരിസ്ഥിതി സൗഹൃദ ബാഗുകളെക്കുറിച്ച് വാണിജ്യ മേഖലയിലും, പൊതു സമൂഹത്തിലും അവബോധം സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട്, ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അൽ ദാഖിലിയ ഗവർണറേറ്റിൽ പ്രത്യേക ബോധവത്‌കരണ പരിപാടി സംഘടിപ്പിച്ചു. അൽ ഹംറ മുൻസിപ്പാലിറ്റി ഡിപ്പാർട്മെന്റുമായി ചേർന്ന് സംയുക്തമായാണ് അതോറിറ്റി ഈ പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി അതോറിറ്റി അധികൃതർ മേഖലയിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളും, സ്ഥാപനങ്ങളും സന്ദർശിക്കുകയും, പ്രചാരണത്തിന്റെ ഭാഗമായി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്യുകയും ചെയ്തു. പൊതുസമൂഹത്തിനിടയിൽ ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായാണ് അതോറിറ്റി ഈ പരിപാടി നടപ്പിലാക്കിയത്.
2021 ജനുവരി 1 മുതൽ ഒമാനിൽ നടപ്പിലാക്കിയിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ തുടർച്ചയായാണ് ഈ ബോധവത്കരണ പ്രവർത്തനങ്ങൾ. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ഷോപ്പിംഗ് ബാഗുകൾ ജനുവരി 1 മുതൽ നിരോധിച്ചിട്ടുള്ളത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ, ക്യാൻവാസ്, കോട്ടൺ മുതലായവയാൽ നിർമ്മിതമായ പരിസ്ഥിതി സൗഹൃദ ബാഗുകൾ ഉപയോഗിക്കാൻ അതോറിറ്റി നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം ലംഘിക്കുന്നവർക്ക് 100 മുതൽ 2000 റിയാൽ വരെ പിഴ ചുമത്തപ്പെടാവുന്നതാണ്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തപ്പെടാവുന്നതാണ്. ഒമാനിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും, പ്രകൃതിക്കും, ജീവജാലങ്ങൾക്കും ഒരു പോലെ ദോഷകരമായ മാലിന്യങ്ങൾ ഒഴിവാക്കുന്നതിനും ഈ തീരുമാനത്തിലൂടെ എൻവിറോണ്മെന്റ് അതോറിറ്റി ലക്ഷ്യമിടുന്നു.