രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാനുള്ള തീരുമാനം ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടാൻ ഒമാനിലെ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. 2021 ജനുവരി 31, ഞായറാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
2021 ജനുവരി 18 മുതൽ ഒമാനിലെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്. 2021 ഫെബ്രുവരി 1, തിങ്കളാഴ്ച്ച വരെ ഏർപ്പെടുത്തിയിരുന്ന ഈ നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി നീട്ടാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഇതോടെ ഒമാനിലേക്കുള്ള കരമാർഗ്ഗമുള്ള അതിർത്തികൾ 2021 ഫെബ്രുവരി 8, തിങ്കളാഴ്ച്ച വൈകീട്ട് 6 മണിവരെ അടച്ചിടുന്നതായിരിക്കും.
അതിവേഗം പകരുന്ന COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള ആരോഗ്യ വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് രാജ്യത്തിന്റെ കരമാർഗ്ഗമുള്ള അതിർത്തികൾ അടച്ചിടാൻ ഒമാൻ തീരുമാനിച്ചത്. COVID-19 വൈറസിന്റെ പുതിയ വകഭേദം നാല് പേരിൽ രാജ്യത്ത് കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച്ച അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്, നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നിയന്ത്രണങ്ങൾ ഒരാഴ്ച്ച കൂടി തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.