2021 ഏപ്രിൽ 17, ശനിയാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിൽ ശനിയാഴ്ച്ച മുതൽ ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ വാണിജ്യ പ്രവർത്തനങ്ങൾ, വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം എന്നിവ അനുവദിക്കുന്നതല്ല.
ഏപ്രിൽ 16-ന് രാത്രിയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ തീരുമാനം ബാധകമായിരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
റമദാൻ ഒന്ന് മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ വീണ്ടും രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ഏപ്രിൽ 14, ബുധനാഴ്ച്ച രാത്രി 9 മണി മുതൽ ഒമാനിൽ നടപ്പിലാക്കിയിരുന്നു. ദിനവും രാത്രി 9 മുതൽ രാവിലെ 4 മണിവരെയാണ് സുപ്രീം കമ്മിറ്റി റമദാനിൽ യാത്രാ വിലക്കുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
എന്നാൽ ദോഫാർ ഗവർണറേറ്റിലെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം ഏപ്രിൽ 17 മുതൽ ദിനവും വൈകീട്ട് 6 മണി മുതൽ പുലർച്ചെ 5 മണി വരെ യാത്രാ വിലക്കുകൾ ഏർപ്പെടുത്താൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഗവർണറേറ്റിലെ COVID-19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ദിനവും നിയന്ത്രണങ്ങൾ കൂടുതൽ നേരത്തേക്ക് ഏർപ്പെടുത്താനുള്ള ഈ തീരുമാനം. ഈ തീരുമാനം കമ്മിറ്റി പിന്നീട് പുനഃപരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ ഗവർണറേറ്റിൽ പൂർണ്ണമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനിടയുണ്ടെന്നും സുപ്രീം കമ്മിറ്റി സൂചിപ്പിച്ചു.
രാജ്യത്തെ ജനങ്ങളോട് ജാഗ്രത തുടരാനും, COVID-19 നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനും കമ്മിറ്റി ആവശ്യപ്പെട്ടു. വാണിജ്യ സ്ഥാപനങ്ങളിലേക്കും, മാളുകളിലേക്കും, മാർക്കറ്റുകളിലേക്കും മറ്റുമുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും, തിരക്കേറിയ സമയങ്ങളിൽ ഇത്തരം യാത്രകൾ തീർത്തും ഒഴിവാക്കാനും കമ്മിറ്റി ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.