ഒമാൻ: രാത്രികാല നിയന്ത്രണങ്ങൾ ഏപ്രിൽ 3 വരെ നീട്ടി; വ്യായാമത്തിനായി ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കും

featured GCC News

വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങളുടെ കാലാവധി നീട്ടുന്നതുൾപ്പടെ രാജ്യത്തെ COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ ഒമാനിലെ സുപ്രീം തീരുമാനിച്ചു. മാർച്ച് 17-ന് ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സുപ്രീം കമ്മിറ്റി ഇത് സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഒമാനിലെ നിലവിലെ സാഹചര്യങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് സുപ്രീം കമ്മിറ്റി ഈ തീരുമാനങ്ങൾ അറിയിച്ചിട്ടുള്ളത്. രാജ്യവ്യാപകമായി രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്താണ് വൈറസ് വ്യാപനം തടയാനുള്ള നിർദ്ദേശങ്ങൾ കർശനമാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.

മാർച്ച് 17-ലെ അറിയിപ്പ് പ്രകാരം സുപ്രീം കമ്മിറ്റി പുതുക്കി നിശ്ചയിച്ചിട്ടുള്ള ഒമാനിലെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ:

  • ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങൾ 2021 ഏപ്രിൽ 3 വരെ തുടരും. ദിനവും രാത്രി 8 മണി മുതൽ രാവിലെ 5 മണിവരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മാർച്ച് 4 മുതൽ മാർച്ച് 20 വരെയാണ് നേരത്തെ ഈ നിയന്ത്രണങ്ങൾ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിരുന്നത്. ഇന്ധനവിതരണ കേന്ദ്രങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്വകാര്യ ഫാർമസികൾ, ഇന്ധനവിതരണ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ടയർ വില്പന/ റിപ്പയർ സ്ഥാപനങ്ങൾ, ഹോം ഡെലിവറി സേവനങ്ങൾ, റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്നുള്ള പാർസൽ സേവനങ്ങൾ, ഹോട്ടലുകളിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ എന്നിവയ്ക്ക് ഈ തീരുമാനത്തിൽ ഇളവ് അനുവദിക്കുന്നതാണ്.
  • 2021 മാർച്ച് 19, വെള്ളിയാഴ്ച്ച 12:00 PM മുതൽ യു കെയിൽ നിന്ന് ഒമാനിലേക്ക് നേരിട്ടുള്ള മുഴുവൻ വിമാന സർവീസുകൾക്കും (ചരക്ക് വിമാനങ്ങൾ ഒഴികെ) വിലക്കേർപ്പെടുത്തിയിട്ടുണ്ട്. യു കെയിൽ നിന്ന് നേരിട്ടെത്തുന്ന യാത്രികർക്കും, യു കെയിൽ കഴിഞ്ഞ 14 ദിവസത്തിനിടയിൽ യാത്ര ചെയ്ത ശേഷം മറ്റു രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്ന യാത്രികർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ല. ഈ തീരുമാനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുന്നതാണ്. ഒമാൻ പൗരമാർക്ക് ഈ വിലക്കുകൾ ബാധകമല്ല.
  • സർക്കാർ ഓഫീസുകളിലെ ഹാജർ 70 ശതമാനമാക്കി നിയന്ത്രിക്കും.
  • വ്യായാമത്തിനായി പൊതു ബീച്ചുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാൻ അനുമതി നൽകും. എന്നാൽ ബീച്ചുകളിലും, മറ്റിടങ്ങളിലും ആളുകൾ ഒത്ത് ചേരുന്ന യാതൊരു ചടങ്ങുകളും അനുവദിക്കുന്നതല്ല.