ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ എല്ലാ ഗവർണറേറ്റുകളും പൂർണമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ദിനവും രാത്രി 7 മുതൽ രാവിലെ 6 വരെ കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ജൂലൈ 23-നു പുറത്തിറക്കിയ അറിയിപ്പിലാണ് ROP ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 25, ശനിയാഴ്ച്ച മുതൽ പതിനഞ്ച് ദിവസത്തേക്ക് ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് ഈ നിയന്ത്രണങ്ങൾ.
ലോക്ക്ഡൌൺ കാലയളവിൽ രാത്രി 7 മുതൽ രാവിലെ 6 വരെ കാൽനടക്കാരുൾപ്പടെ, ഒരുതരത്തിലുള്ള യാത്രകൾക്കും അനുവാദം നൽകില്ല എന്നും ROP വ്യക്തമാക്കിയിട്ടുണ്ട്. ഗവർണറേറ്റുകൾക്കിടയിലെ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ROP ഒമാൻ സായുധ സേനയുടെ സഹായം തേടിയിട്ടുണ്ട്. എല്ലാ വിലായത്തുകളിലും യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഒമാൻ പോലീസ് അറിയിച്ചു.
ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ രാജ്യത്തുടനീളമുള്ള ജനങ്ങളോട് ദിനവും വൈകീട്ട് 7 മണിയുടെ മുൻപായി വീടുകളിൽ പ്രവേശിക്കാനും, വൈകീട്ട് 7 മണിയോടെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാനും റോയൽ ഒമാൻ പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സൈദ് അൽ ആസ്മി ജൂലൈ 23-ലെ പത്രസമ്മേളനത്തിൽ ആവശ്യപെട്ടിട്ടുണ്ട്. വൈകീട്ട് 7 മുതൽ കർശനമായ യാത്രാ വിലക്കുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുന്നതാണെന്നും അൽ ആസ്മി അറിയിച്ചു.
രാജ്യത്തെ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിർദ്ദേശങ്ങളോട് പൂർണ്ണമായി സഹകരിക്കാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.