ഒമാൻ: മരുന്നുകളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

featured GCC News

മരുന്നുകളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് ഒമാൻ ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘135/2025’ എന്ന ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

ഈ ഉത്തരവിൽ ഒമാനിൽ ഔഷധങ്ങളുടെ പ്രചാരണം, മരുന്നുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ തുടങ്ങിയവയ്ക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുആരോഗ്യം ഉറപ്പ് വരുത്തുന്നതിനും, മരുന്നുകളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ധാർമ്മികമായ രീതികൾ ഉറപ്പാക്കുന്നതിനും, ഔഷധങ്ങളുടെ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി.

ഈ ഉത്തരവ് പ്രകാരം ലൈസൻസ് നേടിയിട്ടുള്ള ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പ്രാദേശിക ഏജന്റുമാർ, ഔദ്യോഗിക ഫാർമസ്യൂട്ടിക്കൽ കൺസൾട്ടിങ് ഓഫീസുകൾ എന്നിവ ഒഴികെ മറ്റാർക്കും (അവർ ഡ്രഗ് സേഫ്റ്റി സെന്ററിൽ നിന്നുള്ള മുൻ‌കൂർ അനുമതി നേടാത്ത പക്ഷം) ഒമാനിൽ മരുന്നുകളുടെ പരസ്യങ്ങൾ നൽകുന്നതിനോ, ഇവയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ നടത്തുന്നതിനോ അനുമതി ഉണ്ടായിരിക്കുന്നതല്ല.

ഇത്തരം ലൈസൻസ് നേടുന്നതിനുള്ള വ്യവസ്ഥകൾ:

  • മരുന്നുകൾ രജിസ്റ്റർ ചെയ്തിരിക്കണം.
  • മരുന്നുകളുടെ പരസ്യം, അവയുമായി ബന്ധപ്പെട്ട വിവരണം എന്നിവ മരുന്നിന്റെ ഔദ്യോഗിക ലഘുലേഖ, സമ്മറി ഓഫ് ഡ്രഗ് കാരക്റ്ററിസ്റ്റിക്സ് (SmPC) എന്നിവയിലെ വിവരങ്ങളുമായി വിരുദ്ധമായ രീതിയിലായിരിക്കരുത്.
  • മരുന്നുകളുടെ പരസ്യം, അവയുമായി ബന്ധപ്പെട്ട വിവരണം എന്നിവയിൽ അവ ഏത് വിഭാഗത്തിനുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കണം.
  • പൊതു സമൂഹത്തിലെ സ്ഥിരതയ്ക്ക് കോട്ടം വരുത്തുന്നതോ, പൊതുസദാചാരമൂല്യങ്ങൾ ഹനിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ ഇത്തരം പരസ്യങ്ങൾ, വിവരണങ്ങൾ എന്നിവയിൽ ഉണ്ടായിരിക്കരുത്. ഇവ പൊതുആരോഗ്യ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായിരിക്കരുത്.
  • മരുന്നുകളുടെ പരസ്യം, അവയുമായി ബന്ധപ്പെട്ട വിവരണം എന്നിവയിൽ തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളോ, മറ്റു മരുന്നുകൾക്ക് ദോഷം ചെയ്യുന്ന വിവരങ്ങളോ ഉൾപ്പെടുത്തരുത്.
  • ഡ്രഗ് സേഫ്റ്റി സെന്ററിൽ നിന്ന് നൽകുന്ന മറ്റ് നിബന്ധനകൾ പാലിക്കേണ്ടതാണ്.

ഇത്തരം ലൈസൻസിനുള്ള അപേക്ഷകൾ താഴെ പറയുന്ന രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഡ്രഗ് സേഫ്റ്റി സെന്ററിൽ സമർപ്പിക്കേണ്ടതാണ്:

  • മരുന്നുകളുടെ പരസ്യം, അവയുമായി ബന്ധപ്പെട്ട വിവരണം എന്നിവയുടെ കോപ്പി.
  • ഡ്രഗ് രജിസ്‌ട്രേഷൻ സർട്ടിഫിക്കേറ്റ്.
  • ഡ്രഗ് സേഫ്റ്റി സെന്റർ ആവശ്യപ്പെടുന്ന മറ്റ് രേഖകൾ.

ഇത്തരം അപേക്ഷകളിൽ അറുപത് ദിവസത്തിനകം സെന്റർ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ്.