ഒമാൻ: വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷി കുറച്ചു; 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലേക്ക് പ്രവേശനമില്ല

GCC News

COVID-19 പ്രതിരോധ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വാണിജ്യ മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു. ഈ തീരുമാന പ്രകാരം, രാജ്യത്തെ മാളുകൾ, വ്യാപാരശാലകൾ, ഭക്ഷണശാലകൾ, മറ്റു വാണിജ്യസ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തന ശേഷി 50 ശതമാനമാക്കി കുറച്ചിട്ടുണ്ട്.

രാജ്യത്തെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നതിനുള്ള ഈ തീരുമാനം. ഏപ്രിൽ 21-ന് വൈകീട്ടാണ് ഒമാൻ സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാന പ്രകാരം ഒമാനിൽ താഴെ പറയുന്ന സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയാണ് 50 ശതമാനമാക്കി കുറച്ചിട്ടുള്ളത്.

  • വ്യാപാരശാലകൾ.
  • ഷോപ്പിംഗ് മാളുകൾ.
  • റെസ്റ്ററന്റുകൾ.
  • കഫെ.
  • മറ്റു വാണിജ്യ കേന്ദ്രങ്ങൾ.

ഈ തീരുമാനത്തിന്റെ ഭാഗമായി 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് മാളുകളിലേക്കും, വ്യാപാരശാലകളിലേക്കും പ്രവേശനം വിലക്കിയതായും കമ്മിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

2021 ഏപ്രിൽ 24 മുതൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശന വിലക്കേർപ്പെടുത്താനും, ഏപ്രിൽ 21-ന് വൈകീട്ട് നടന്ന സുപ്രീം കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.