മസ്കറ്റിലെയും, ദാർസൈത്തിലെയും ഇന്ത്യൻ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അധികൃതർ അറിയിപ്പ് പുറത്തിറക്കി. ഈ അറിയിപ്പ് പ്രകാരം മസ്കറ്റിലെ ഇന്ത്യൻ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് 2021 ഒക്ടോബർ 3 മുതൽ വിദ്യാലയത്തിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതാണ്.
ഒമ്പത്, പത്ത്, പതിനൊന്ന് ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ അധ്യയനം ഇതിന് ശേഷം ആരംഭിക്കുന്നതാണ്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഞായർ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടും, തിങ്കൾ, ബുധൻ ദിനങ്ങളിൽ ഓൺലൈനിലൂടെയും അധ്യയനം ആരംഭിക്കുന്നതാണ്.
ദാർസൈത്തിലെ ഇന്ത്യൻ സ്കൂളിലെ 7 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള പഠനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് 2021 ഒക്ടോബർ 3 മുതൽ അധ്യയനം ആരംഭിക്കുന്നതാണ്.
ഒമ്പത്, പതിനൊന്ന് ക്ലാസ്സുകൾക്ക് ഒക്ടോബർ 17 മുതലും, ഏഴ്, എട്ട് ക്ലാസ്സുകൾക്ക് നവംബർ 1 മുതലും നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതാണ്. വിദ്യാലയങ്ങളിലെ പ്രവർത്തന സമയം രാവിലെ 7 മുതൽ 10:30 വരെയും, 11:30 മുതൽ 3:15 വരെയുമാണ്. വാക്സിനെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വിദ്യാർത്ഥികൾ തങ്ങളുടെ കൈവശം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കരുതേണ്ടതാണ്.