കൊറോണാ വൈറസ് പരിശോധനകൾക്കായി, രാജ്യത്ത് നിലവിൽ ആഗോളതലത്തിൽ അംഗീകരിച്ച PCR (Polymerase chain reaction) ടെസ്റ്റിംഗ് സംവിധാനം ആണ് ഉപയോഗിക്കുന്നതെന്ന് ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്‌മദ് അൽ സൈദി വ്യക്തമാക്കി. ജൂൺ 25, വ്യാഴാഴ്ച്ചയിലെ കൊറോണാ വൈറസ് അവലോകന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇത് അറിയിച്ചത്.
റാപിഡ് ടെസ്റ്റിംഗ് നടത്തുന്നതിന് ഒമാനിൽ വിവിധ മേഖലകളിൽ നിന്ന് ആഹ്വാനങ്ങൾ ഉയരുന്നുണ്ടെങ്കിലും അവയുടെ പ്രയോജനം സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. റാപിഡ് ടെസ്റ്റിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനു മുൻപ്, അവയുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ ഡോ. അൽ സൈദി, ഒമാനിൽ PCR ടെസ്റ്റിംഗ് സംവിധാനങ്ങളാണ് ഔദ്യോഗികമായി ഉപയോഗിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.