ഒമാൻ: 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കാനുള്ള അനുമതി സംബന്ധിച്ച് തൊഴിൽ വകുപ്പ് വ്യക്തത നൽകി

Oman

രാജ്യത്തെ 60 വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം കൂടുതൽ വ്യക്തത നൽകി. ഒമാൻ തൊഴിൽ വകുപ്പ് മന്ത്രി H.E. പ്രൊഫസർ മഹദ് ബിൻ സൈദ് ബിൻ അലി ബാവൈനാണ് ഈ തീരുമാനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്.

തൊഴിലാളികളുടെ അനുഭവജ്ഞാനം ഉപയോഗപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ഒമാൻ ടി വിയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. അറുപത് വയസ് കഴിഞ്ഞ ഒരു വ്യക്തി തന്റെ തൊഴിലിൽ ഫലപ്രദമായ രീതിയിൽ നിപുണതയോടെ തൊഴിലെടുക്കുന്നുണ്ടെങ്കിൽ, അത്തരം വ്യക്തികളെ ഒഴിവാക്കിക്കൊണ്ട് തീർത്തും തൊഴിൽ പരിചയമില്ലാത്ത ഒരു പുതിയ തൊഴിലാളിയെ നിയമിക്കുന്നതിന് പകരം, അത്തരക്കാർക്ക് വീണ്ടും അഞ്ച് മുതൽ പത്ത് വർഷം വരെ തൊഴിലെടുക്കുന്നതിന് അനുമതി നൽകുന്നതും, അതിലൂടെ അവരുടെ തൊഴിൽ പരിചയം പരമാവധി പ്രയോജനപ്പെടുത്തുന്നതും ഈ തീരുമാനത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിലാണ് അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് വിസകൾ പുതുക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഈ തീരുമാന പ്രകാരം, രാജ്യത്ത് നിലവിലുള്ള സ്വദേശിവത്കരണ നടപടികൾ പൂർത്തിയാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്കാണ് തങ്ങളുടെ ഇത്തരം പ്രവാസി തൊഴിലാളികളെ നിലനിർത്തുന്നതിന് അനുമതി നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുള്ള തൊഴിൽ പദവികളിൽ ഇത്തരം പ്രവാസികളെ നിലനിർത്തുന്നതിന് അനുമതി ലഭിക്കുന്നതല്ല. നിലവിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ള ഏതാണ്ട് ഇരുപത്തയ്യായിരത്തോളം പ്രവാസികൾ ഒമാനിലെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് തങ്ങളുടെ വർക്ക് വിസകൾ പുതുക്കാൻ അനുമതി നൽകുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ജനുവരി 23-ന് അറിയിച്ചിരുന്നു.