തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുടെ ചുമതലയുള്ള സൂപ്പർവൈസർ പദവികളിൽ സ്വദേശികളെ നിയമിക്കാൻ അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ഒമാൻ തൊഴിൽ നിയമത്തിലെ തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ‘4/2021’ എന്ന ഔദ്യോഗിക ഉത്തരവ് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദ്ദേശം.
ഈ ഭേദഗതി പ്രകാരം അമ്പത് ജീവനക്കാരിലധികമുള്ള കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ ഓരോ അമ്പത് ജീവനക്കാർക്കും ഒരു ഒമാനി പൗരൻ എന്ന രീതിയിൽ തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുടെ ചുമതലയുള്ള സൂപ്പർവൈസർ പദവികളിൽ നിയമിക്കണമെന്ന് അനുശാസിക്കുന്നു. 2022 ജനുവരി മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വന്നതിനാൽ സ്ഥാപനങ്ങൾ ഈ തീരുമാനം നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.