ഒമാൻ: ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

featured GCC News

ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി കൊടുത്ത് തീർക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി. 2023 മെയ് 8-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ആവർത്തിച്ചത്.

ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം 2023 ഏപ്രിൽ 12-ന് വ്യക്തമാക്കിയിരുന്നു. ഈ അറിയിപ്പ് ആവർത്തിച്ച മന്ത്രാലയം, ഇക്കാര്യത്തിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ജീവനക്കാർക്ക് പരാതി നൽകാമെന്ന് വ്യക്തമാക്കി.

ഒമാനിലെ തൊഴിൽ നിയമങ്ങളിലെ ആർട്ടിക്കിൾ 51 പ്രകാരം ശമ്പളം നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള തീയതി മുതൽ ഏഴ് ദിവസത്തിനകം സ്ഥാപനങ്ങൾ വേതനവിതരണം പൂർത്തിയാക്കേണ്ടതാണ്. ഇതിൽ വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആർട്ടിക്കിൾ 116 പ്രകാരം ജീവനക്കാർക്ക് തങ്ങളുടെ ശമ്പളം ലഭിച്ചിട്ടില്ല എന്ന് അറിയിച്ച് കൊണ്ടുള്ള പരാതി മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഫയൽ ചെയ്യാവുന്നതാണ്.

Cover Image: Oman Ministry of Labour.