അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഒമാനിലെ ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇന്ന് (ഓഗസ്റ്റ് 7, വെള്ളിയാഴ്ച്ച) ഉച്ചയ്ക്ക് 2 മണി മുതൽ ഒഴിവാക്കിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദം മൂലമുള്ള വരും ദിനങ്ങളിലെ അപകടകരമായ കാലാവസ്ഥ കണക്കിലെടുത്താണ് ഈ തീരുമാനം.
ദോഫാർ ഗവർണറേറ്റിൽ ഈ തീരുമാനം ബാധകമല്ലെന്നും, ദോഫാറിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 8, ശനിയാഴ്ച്ച രാവിലെ 6 മണി മുതൽ ഒഴിവാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എല്ലാ ഗവർണറേറ്റുകൾക്കുള്ളിലും നടപ്പിലാക്കുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങൾ ഓഗസ്റ്റ് 15 വരെ തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 8 ശനിയാഴ്ച്ച മുതൽ ഓഗസ്റ്റ് 15 ശനിയാഴ്ച്ച രാവിലെ വരെ, ദിനവും രാത്രി 9 മുതൽ രാവിലെ 5 വരെ ഗവർണറേറ്റുകൾക്കുള്ളിലുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരും.
ഗവർണറേറ്റുകൾക്കിടയിലെ ലോക്ക്ഡൌൺ അവസാനിക്കുന്നതോടെ, മറ്റു ഗവർണറേറ്റുകളിലേക്ക് യാത്രകൾ അനുവദിച്ചിട്ടുള്ള സമയക്രമം:
- ഓഗസ്റ്റ് 7, വെള്ളിയാഴ്ച – ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 7 വരെ
- ഓഗസ്റ്റ് 8, ശനിയാഴ്ച്ച – രാവിലെ 6 മുതൽ രാത്രി 9 വരെ
- ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 15 വരെ – രാവിലെ 5 മുതൽ രാത്രി 9 വരെ