രാജ്യത്തേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതിന് തീരുമാനിച്ചതായി ഒമാനിലെ സുപ്രീം കമ്മിറ്റി വ്യക്തമാക്കി. ഫെബ്രുവരി 10, ബുധനാഴ്ച്ചയാണ് സുപ്രീം കമ്മിറ്റി ഇക്കാര്യം അറിയിച്ചത്.
ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ബുധനാഴ്ച്ച ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാജ്യത്തെ COVID-19 സാഹചര്യവും, വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളും കമ്മിറ്റി ഈ യോഗത്തിൽ ചർച്ച ചെയ്തു.
ഹോം ക്വാറന്റീൻ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടമാക്കുന്ന വിമുഖത കണക്കിലെടുത്താണ് വിദേശത്ത് നിന്ന് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധമാക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഏതാനം ആഴ്ച്ചകളായി ഹോം ക്വാറന്റീനുമായി ബന്ധപ്പെട്ട് ഒമാനിൽ നിരവധി വീഴ്ച്ചകൾ രേഖപ്പെടുത്തിയ സാഹചര്യം കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ യാത്രികരുടെ സ്വന്തം ചെലവിൽ ആയിരിക്കുമെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.
അടിയന്തിര സാഹചര്യങ്ങളിലൊഴികെ ഒമാനിൽ നിന്നുള്ള വിദേശ യാത്രകൾ ഒഴിവാക്കാനും കമ്മിറ്റി രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.