ഒമാൻ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കി

Oman

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾക്ക് രാജ്യത്തെ റസിഡന്റ് കാർഡ് നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതുതായി ചേരുന്ന വിദ്യാർത്ഥികൾക്ക് സാധുതയുള്ള ഒമാൻ റസിഡന്റ് കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള നിർദ്ദേശം വിദ്യാഭ്യാസ മന്ത്രാലയം എല്ലാ ഇന്ത്യൻ സ്കൂളുകൾക്കും നൽകിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എല്ലാ ഇന്ത്യൻ സ്‌കൂളുകളിലും വിദ്യാർത്ഥികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ട് റസിഡന്റ് കാർഡിന്റെ കോപ്പി നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്തിയതായും, പ്രത്യേക സാഹചര്യങ്ങളിൽ ഇവ സമർപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് പരമാവധി ഒരു മാസത്തെ അധിക സമയം നൽകാൻ വിദ്യാലയങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. എല്ലാ വിദ്യാർത്ഥികളുടെയും റസിഡന്റ് കാർഡുകൾ സെപ്റ്റംബർ 9-നകം വിദ്യാലയങ്ങളിൽ സമർപ്പിക്കാൻ സ്‌കൂളുകൾ രക്ഷിതാക്കളോട് നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ വിദേശികൾക്കും റസിഡന്റ് കാർഡ് നിർബന്ധമാക്കിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.