ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് ഭാവിയിൽ COVID-19 വാക്സിനേഷൻ നിർബന്ധമാക്കാൻ സാധ്യതയുള്ളതായി ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമാൻ ആരോഗ്യ വകുപ്പ് പകർച്ചവ്യാധി വിഭാഗം ഡയറക്ടർ ബദ്ർ ബിൻ സയീദ് അൽ റവാഹിയാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നിലവിൽ ഇത്തരം ഒരു തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഭാവിയിൽ ഇത് നടപ്പിലാക്കാനിടയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വ്യാജ വാർത്തകൾ, തെറ്റായ വിവരങ്ങൾ എന്നിവ മൂലം ഒമാനിലെ പല ഗവർണറേറ്റുകളിലും COVID-19 വാക്സിനെടുക്കുന്നതിൽ ആളുകൾ വിമുഖത പുലർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും, ഭാവിയിൽ വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്താനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ അവസാനത്തോടെ രാജ്യത്തെ ഏതാണ്ട് 30 ശതമാനം പേർക്ക് വാക്സിൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.