ബിപാർജോയ് ചുഴലിക്കാറ്റ്: ജൂൺ 13 വരെ ഒമാനിൽ മേഘാവൃതമായ കാലാവസ്ഥ; കടൽ പ്രക്ഷുബ്ധമാകും

GCC News

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 2023 ജൂൺ 13 വരെ അനുഭവപ്പെടാനിടയുള്ള കാലാവസ്ഥാ സാഹചര്യങ്ങൾ സംബന്ധിച്ച് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 ജൂൺ 10-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ 2023 ജൂൺ 11, ഞായറാഴ്ച മുതൽ ജൂൺ 13, ചൊവ്വാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. ജൂൺ 11, 12 ദിനങ്ങളിൽ അറബി കടലിന്റെ തീരപ്രദേശങ്ങളിൽ 4 മുതൽ 6 വരെ മീറ്റർ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

ജൂൺ 13-ന് രാജ്യത്തിന്റെ അറബി കടൽ തീരപ്രദേശങ്ങളിൽ 3 മുതൽ 5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ഈ ചുഴലിക്കാറ്റ് അറബിക്കടലിൽ അക്ഷാംശം 16.5 വടക്ക്‌, രേഖാംശം 67.4 കിഴക്ക് എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ഈ അറിയിപ്പിൽ പറയുന്നു. ഈ മേഖല ഒമാൻ തീരത്ത് നിന്ന് ഏതാണ്ട് 1050 കിലോമീറ്റർ ദൂരെയാണ്. ഈ ചുഴലിക്കാറ്റിന്റെ മധ്യഭാഗത്തായി മണിക്കൂറിൽ 65 മുതൽ 80 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടുന്നതാണ്.

Cover Image: Pixabay.