വിനോദസഞ്ചാരികൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മസ്കറ്റ് ഗവർണറേറ്റിലെ മത്ര വിലായത്തിൽ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു. 2024 ജനുവരി 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
മത്ര വിലായത്തിലെ വാട്ടർഫ്രന്റിലാണ് ഈ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ ടൂറിസം വിവരങ്ങൾ നൽകുന്നതിനൊപ്പം ഒമാനിലെ പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ടൂറിസം അനുഭവങ്ങൾ എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
ടൂറിസം മേഖലയിൽ ലഭ്യമായിട്ടുള്ള ഹോട്ടൽ സൗകര്യങ്ങൾ, വിനോദസഞ്ചാര പാക്കേജുകൾ നൽകുന്ന സ്ഥാപനങ്ങൾ, മറ്റു സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ടൂറിസം ഗൈഡൻസ് ഹബ്ബിൽ നിന്ന് ലഭ്യമാക്കുന്നതാണ്.