ഒമാൻ: ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യും

Oman

ബഹ്‌ല വിലായത്തിലെ ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ 2023 ഫെബ്രുവരി 23-ന് ഉദ്ഘാടനം ചെയ്യുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രി H.E. സലേം ബിൻ മുഹമ്മദ് അൽ മഹ്റൂഖിയുടെ നേതൃത്വത്തിലാണ് ഈ ആർക്കിയോളജിക്കൽ വിസിറ്റർ സെന്റർ തുറന്ന് കൊടുക്കുന്നത്. അൽ ദാഖിലിയ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോടൊപ്പം ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ കേന്ദ്രം ഔദ്യോഗികമായി തുറന്ന് കൊടുക്കുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

Source: Oman MHT.

ഈ മേഖലയിൽ 1973 മുതൽ നടന്ന് വരുന്ന പുരാവസ്‌തുശാസ്‌ത്രസംബന്ധിയായ ഗവേഷണങ്ങളുടെ ചരിത്രം, മേഖലയിലെ ആർക്കിയോളജിക്കൽ കേന്ദ്രങ്ങൾ, ചരിത്ര സ്മാരകങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവ സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നതിനായാണ് ഇത്തരം ഒരു വിസിറ്റർ സെന്റർ ആരംഭിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

Source: Oman MHT.

ബിസ്യ ആൻഡ് സലുത് ആർക്കിയോളജിക്കൽ വിസിറ്റർ സെന്ററിൽ മൂന്ന് പ്രധാന ഹാളുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇതിൽ ആദ്യ ഹാളിൽ വെങ്കലയുഗത്തെക്കുറിച്ചും, രണ്ടാം ഹാളിൽ ഇരുമ്പ് യുഗം, ഇസ്ലാമിക കാലഘട്ടം എന്നിവയെക്കുറിച്ചുമുള്ള പ്രദർശനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്നാമത്തെ ഹാൾ ഒരു വേൾഡ് ഹെറിറ്റേജ് ഹാൾ എന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

Source: Oman MHT.

ഇതിൽ 344 പുരാവസ്തു അവശേഷിപ്പുകൾ, മേഖലയിലെ പുരാവസ്‌തുശാസ്‌ത്രസംബന്ധിയായ ഗവേഷണങ്ങളുടെ ചരിത്രം വിവരിക്കുന്ന 28 പാനലുകൾ, ബിസ്യ ആൻഡ് സലുത് ആർക്കിയോളജി സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രക്രിയകളുടെയും, പഠനങ്ങളുടെയും വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

അൽ ദാഖിലിയ ഫെസ്റ്റിവൽ 2023 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നേരത്തെ അറിയിച്ചിരുന്നു.

Cover Image: Oman MHT.