കുവൈറ്റ്: 2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചു

GCC News

2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2023 ഫെബ്രുവരി 21-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈറ്റ് ടവേഴ്സ്, ഗ്രീൻ ഐലൻഡ് മേഖല തുടങ്ങിയ ഇടങ്ങളിലാണ് ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി വിലക്കിയിട്ടുള്ളത്. 2023 ഫെബ്രുവരി 20 മുതൽ മാർച്ച് 1 വരെയാണ് ഈ നിയന്ത്രണം.

ഈ കാലയളവിൽ, ഈ മേഖലയിൽ നടക്കാനിരിക്കുന്ന വൈമാനികനില്ലാത്ത വിമാനങ്ങളുടെ (UAV) പ്രദർശനം കണക്കിലെടുത്താണ് സുരക്ഷ മുൻനിർത്തിയുള്ള ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രദർശനത്തിൽ പങ്കെടുക്കുന്ന UAV വാഹനങ്ങളുടെ റേഡിയോ ഫ്രീക്വൻസിയിലുള്ള ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുന്നതിനായി, മേഖലയിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ച് കൊണ്ടുള്ള ഈ തീരുമാനം കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Image: Pixabay.